Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), പാലക്കാട് ജില്ലയിലെ തൃത്താല (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്‍കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
National
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും പാത നിവർത്തലിനും ഡിപിആർ തയാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം.
160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി.
സർവേകൾക്ക് അനുമതി ലഭിച്ച പദ്ധതികൾ ചുവടെ: ഷൊർണൂർ-മംഗളൂരു മൂന്നും നാലും പാതകൾ (307 കിലോമീറ്റർ), കോയന്പത്തൂർ-ഷൊർണൂർ മൂന്നും നാലും പാതകൾ (99 കിലോമീറ്റർ), ഷൊർണൂർ-എറണാകുളം മൂന്നാം പാത (106 കിലോമീറ്റർ), എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയം വഴി 115 കിലോമീറ്റർ), കായംകുളം-തിരുവനന്തപുരം മൂന്നാം പാത (105 കിലോമീറ്റർ), തിരുവനന്തപുരം -നാഗർകോവിൽ മൂന്നാംപാത (71 കിലോമീറ്റർ), തുറവൂർ-അന്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (46 കിലോമീറ്റർ).
Kerala
മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള അഞ്ച് കുട്ടികളിലൂടെ ഇനി ആലിന്റെ സ്മരണ നിലനിൽക്കും.
മരണാനന്തര അവയവദാനത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി ആലിൻ ഷെറിൻ ഏബ്രഹാം മാറി. മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങളാണ് എറണാകുളം അമൃത ആശുപത്രിയിൽ ദാനം ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കുഞ്ഞിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്.
മല്ലപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ റെജി ശാമുവേലിന്റെ ചെറുമകളാണ് ആലിൻ. കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിൻ, മാതാവ് ഷെറിൻ, ഷെറിന്റെ മാതാവ് ജെസി ജോൺ, പിതാവ് രാജൻ ജോൺ എന്നിവർക്കു പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷെറിന് ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് അമൃത ആശുപത്രിയിൽ എത്തിച്ചത്. മസ്തിഷ്ക മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആലിന്റെ അവയങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു. ഇതേ തുടർന്ന് അവയവങ്ങൾ നീക്കം ചെയ്ത് ഹൃദയവാൽവുകളും വൃക്കകളും കരളും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പിഞ്ചു കുഞ്ഞിനു തന്നെ കരൾ നൽകും. കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഈ കുട്ടിയും മാറുകയാണ്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള ഒരു കുട്ടിക്ക് നൽകാനാണ് തീരുമാനം.
ആലിന്റെ സംസ്കാരം നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ പിന്നീട് നടക്കും.
റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് അഞ്ച് പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചിരുന്നു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ പത്ത് പ്രായമുള്ള ആലിന് ഷെറിന് എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ പിടിക്കണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. 30 സീറ്റുകളിൽ വിജയിക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നവീൻ, കൊച്ചിയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ബൂത്തുതല പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തുകളിൽ പാർട്ടിയുടെ ലീഡ് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കില്ല. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ഉത്തരവ്.
എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ 2019-ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണം മുടങ്ങിയ സെന്‍സസ് നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗഗതി നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019 ഡിസംബര്‍ 20 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ആര്‍സി, സിഎഎ എന്നിവയ്ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്.
District News
കൂത്തുപറമ്പ്: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണന മാത്രമല്ല രാഷ്ട്രീയവും ബോധപൂർ വവുമായ പ്രതിരോധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനെ എങ്ങനെയാണ് കേരളം പ്രതിരോധിച്ചതെന്ന് കഴിഞ്ഞ 10 വർഷത്തെ ഭരണം പരിശോധിച്ചാൽ മനസിലാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയാണ് കേരളത്തിന്റെ അപകടം. വർഗീയ വാദികൾക്ക് വിശ്വാസമില്ല. വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ ചെറുക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ടി. പ്രകാശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. സലീഖ, പി. സന്തോഷ്കുമാർ എംപി, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, പി.എം. സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, യു. ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, നൈസ് മാത്യു, കെ.കെ. രാഗേഷ്, എൻ. ചന്ദ്രൻ, എം. സുരേന്ദ്രൻ, ടി.വി. രാജേഷ്, പി. പുരുഷോത്തമൻ, കെ. ശശിധരൻ, പി. സന്തോഷ്, എം.കെ. മുരളി, കെ. ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.
Sports
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. ഏകപക്ഷീയമായ നാലു ഗോളിനാണ് കേരളത്തിന്റെ ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലഭിച്ചു. വി.അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ മുഹമ്മദ് അജ്സൽ വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ഇത്തവണ മുഹമ്മദ് റിയാസാണ് ഗോൾ വല കുലുക്കിയത്.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എം. വിനേഷ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ പ്രതിരോധക്കോട്ടയിലിടിച്ചു നിന്നു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കൻകളി പുറത്തെടുത്തു.
കേരളത്തിന്റെ മുന്നേറ്റ താരം ഇ.സജീഷിനെ പിന്നിൽ നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ടു. 84-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് വീണ്ടും ഗോൾവല കുലുക്കിയതോടെ കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തു.
Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ മനുഷ്യ- വന്യ ജീവി സംഘര്‍ഷത്തില്‍ ജീവന് നഷ്ടമായത് 318 പേര്‍ക്ക്. 2016 ജനുവരി മുതല്‍ 2026 ജനുവരി 23 വരെയുള്ള കണക്കുകളാണിത്. 2025 മുതല്‍ 2026 ജനുവരി 23 വരെ 25 പേര്‍ക്കാണ് വന്യ ജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചത്.
2024-25 കാലഘട്ടത്തില്‍ 33 പേര്‍ക്കും, 2023-24 വര്‍ഷത്തില്‍ 42 പേര്‍ക്കും 2022-23 ല്‍ 41 പേര്‍ക്കും ജീവന് നഷ്ടമായി. 2021-22 ല്‍ 47, 2020-21 ല്‍ 37, 2019- 20 ല്‍ 37, 2019-20 ല്‍ 19, 2018- 19 ല്‍ 24, 2017 - 18 ലും 2016-17 ലും 25 പേര്‍ക്ക് വീതവുമാണ് വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
ഇക്കാലയളവില്‍ വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചത് 655 പേരാണ്. 2025-25 ജനുവരി വരെ 17 പേരും 2024-25, 2023-24 ല്‍ 34 പേര് വീതവും വനത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചു. 2022-23 ല്‍ 48 പേര്, 2021-22 ല്‍ 65 പേര്, 2020-21 ല്‍ 52 പേര്, 2019- 20 ല്‍ 71 പേര് എന്നിങ്ങനെയാണ് പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം.
2018-19 ല്‍ 123 പേരും 2017-18 ല്‍ 92 പേരും 2016-17 ല്‍ 119 പേരും ഇക്കാലഘട്ടത്തില്‍ പാമ്പുകടിയേറ്റുമരിച്ചു. പത്തു വര്‍ഷത്തിനിടെ വന്യ ജീവി ആക്രമണത്തില്‍ 10,553 പേര്‍ക്കാണ് പരിക്കേറ്റത്. 2025-2026 ജനുവരി വരെയുള്ള കാലയളവില്‍ 1,116 പേര്‍ക്കാണ് പരിക്കേറ്റത്. 2024-25 ല്‍ 1,705 പേര്‍ക്കും 2023-24 ല്‍ 1,603 പേര്‍ക്കും 2022- 23 ല്‍ 1,275 പേര്‍ക്കും വന്യ ജീവി ആക്രമണത്തില്‍ പരിക്കു പറ്റി.
2021-22 വര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 758 ആണ്. 2020-21 ല്‍ 988, 2019-20 ല്‍ 699, 2018-19 ല്‍ 765, 2017-18 ല്‍ 846, 2016 - 17 ല്‍ 798 എന്നിങ്ങനെയാണ് വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം.
District News
മലപ്പുറം: സർക്കാർ ഒരുക്കുന്ന സൗജന്യവും ഗുണമേൻമയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന "ഹെൽത്തി കേരള’ ഫീൽഡ് കാന്പയിന് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമവും കളക്ടറേറ്റ് ഗ്രൗണ്ടിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു.
നല്ല ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാണെങ്കിലും അവയെക്കുറിച്ചുള്ള അറിവ് ജനങ്ങളിൽ എത്താത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു.
സർക്കാർ നൽകുന്ന സേവനങ്ങൾ കൃത്യമായി മനസിലാക്കിയാൽ മാത്രമേ പൊതുജനങ്ങൾക്ക് അവ പ്രയോജനപ്പെടുത്താനും ആരോഗ്യരംഗത്തെ നേട്ടങ്ങൾ നിലനിർത്താനും സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, പ്രതിരോധ ചികിത്സയുടെ പ്രാധാന്യം, ജനകീയ-കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ-ആശുപത്രികൾ നൽകുന്ന സേവനങ്ങൾ, സൗജന്യ ചികിത്സാ പദ്ധതികൾ, മരുന്നുകളുടെ ലഭ്യത, ചികിത്സാസൗകര്യങ്ങൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ തുടങ്ങിയവ പൊതുജനങ്ങളിൽ എത്തിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.
National
ന്യൂഡൽഹി: വൻപ്രതീക്ഷകളുമായി കാത്തിരുന്ന കേരളത്തിനു കേന്ദ്രബജറ്റിൽ കാര്യമായ പരിഗണനയില്ല. അപൂർവധാതു ഖനന ഇടനാഴി പദ്ധതിയിൽ ഉൾപ്പെട്ടതാണ് ആകെ ആശ്വാസം. ഇത് കേരളത്തിനു മാത്രമായുള്ള പദ്ധതിയല്ല. പല സംസ്ഥാനങ്ങൾ ഉൾപ്പെട്ട പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയെന്നു മാത്രം. മാത്രമല്ല, കേരളം ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ധാതുഖനന പദ്ധതയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്തിനുള്ളിൽ കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു പദ്ധതിയാണ് കേരളം മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, പല സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയുള്ള ഇടനാഴി കേരളത്തിന് എത്രത്തോളം പ്രയോജനം ചെയ്യുമെന്നു വ്യക്തമല്ല.
ഏഴ് അതിവേഗ റെയിൽ പ്രഖ്യാപിച്ചിട്ടും കേരളം അതിൽ വന്നില്ല. ഏറെക്കാലമായ ആവശ്യമായ എംയിംസും ഇത്തവണയും കിട്ടിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം എംയിംസ് കേരളത്തിൽ വരുമെന്നു പലവട്ടം പ്രഖ്യാപിച്ചിരുന്നു. കിട്ടുന്ന എയിംസ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ചും കുറെക്കാലമായി ചൂടേറിയ ചർച്ചയുണ്ട്. എല്ലാ ബജറ്റ് കാലത്തും ചർച്ചയായിട്ടും കേരളം പരിഗണിക്കപ്പെട്ടില്ല. മൂന്ന് ആയുർവേദ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഒന്നു കേരളത്തിനു ലഭിക്കുമോയെന്നതിൽ വ്യക്തതയില്ല.
കേന്ദ്രബജറ്റിൽ കേരളത്തിന് ആശ്വാസമായത് പ്രധാനമായും ഏതാനും ടൂറിസം പദ്ധതികളാണ്. തീരദേശ ടൂറിസം പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട്. കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾക്കു പ്രത്യേക പരിഗണന ലഭിക്കും. കടലാമ നിരീക്ഷണ പദ്ധതിയിലാണ് കേരളം ഉൾപ്പെട്ടത്.
ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതിയും കേരളത്തിനു ഗുണം ചെയ്തേക്കാം. ട്രക്കിംഗ് പ്രോത്സാഹനം, ആയുർവേദ പദ്ധതികൾ, ചന്ദനം, കൊക്കോ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും കേരളത്തിനു ഗുണം ചെയ്തേക്കും. നാളികേര-കശുവണ്ടി പദ്ധതികളും കേരളത്തിനു പ്രയോജനം ചെയ്യുന്നവയാണ്. ഐടി മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളും കേരളത്തിലെ ഐടി മേഖലയ്ക്ക് ഉണർവ് പകരും.
Sports
പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരേ കേരളം മികച്ച നിലയിൽ. ഗോവ നേടിയ 355 റൺസിന് മറുപടി പറയുന്ന കേരളം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്.
സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്റെ (132*) ഇന്നിംഗ്സാണ് കേരളത്തെ തുണച്ചത്. രോഹനു പുറമെ 25 റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്. ഗോവയുടെ സ്കോറിന് 118 റൺസ് പിന്നിൽ നിൽക്കുന്ന കേരളത്തിന് അഭിഷേക് ജെ. നായർ (32), സച്ചിൻ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
എട്ടുവിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഗോവയ്ക്ക് സമാർ ദുബാഷിയുടെ പ്രകടനമാണ് (55) തുണയായത്. അമൂല്യ പൺട്രേക്കർ 10 റൺസെടുത്തും കൗഷിക് 21 റൺസെടുത്തും പുറത്തായി.കേരളത്തിനായി അങ്കിത് ശർമ്മ ആറു വിക്കറ്റ് വീഴ്ത്തി.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗോവ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സുമായി സമര് ദുബാഷിയാണ് ക്രീസില്‍.
86 റണ്‍സെടുത്ത ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്കോറര്‍. യാഷ് കസ്വങ്കര്‍ അര്‍ധസെഞ്ചുറി (50) നേടി. അർജുൻ ടെണ്ടുൽക്കാർ (36), ദർഷൻ മിസാൽ (22), സ്നേഹൽ കൗതങ്കർ (29), ലളിത് യാദവ് (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.
കേരളത്തിനായി അങ്കിത് ശര്‍മ അഞ്ചും എൻ.പി.ബേസിൽ രണ്ടും സച്ചിൻബേബി ഒരു വിക്കറ്റും വീഴ്ത്തി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക.
തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്.
അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു. അടുത്തമാസം രണ്ടിനകം ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാനും നിർദേശം നൽകി.
Sports
ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഒഡീഷയെ തകർത്ത് കേരളം. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ജയിച്ചത്. ഇതോടെ കേരളം സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
26-ാം മിനിറ്റിൽ ടി.ഷിജിനാണ് കേരളത്തിനായി വിജയഗോൾ നേടിയത്. രണ്ട് ഒഡീഷ പ്രതിരോധനിരക്കാരെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഷിജിൻ തൊടുത്തുവിട്ട ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.
മൂന്നുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് കേരളത്തിനുള്ളത്. പഞ്ചാബിനെതിരായ വിജയത്തിനും റെയിൽവേസിനെതിരായ സമനിലയ്ക്കും ശേഷം ലഭിച്ച ഈ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ കേരളം ഗ്രൂപ്പിൽ തങ്ങളുടെ നില ഭദ്രമാക്കിയിട്ടുണ്ട്. 29-ാം തീയതി മേഘാലയക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
Kerala
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതിനാൽ തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ ജലാശയത്തിൽ ഇറങ്ങാനോ പാടില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. അഭിഷേക് ജി. നായരുടെയും (4) രോഹൻ കുന്നുമലിന്റെയും (11) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ കേരളം 21 റണ്‍സ് നേടിയിട്ടുണ്ട്. നാല് റണ്‍സുമായി സച്ചിൻ ബേബി ക്രീസിലുണ്ട്.
ചണ്ഡിഗഡിനായി കാർത്തിക് സന്തിലും വിഷുവുമാണ് വിക്കറ്റുകൾ നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് 416 റണ്‍സ് നേടിയിരുന്നു. 277 റണ്‍സിന്റെ ലീഡാണ് ചണ്ഡിഗഡ് കേരളത്തിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.
അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഡിന് 277 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ 416 റണ്‍സാണ് ചണ്ഡിഗഡ് അടിച്ചു കൂട്ടിയത്.
സെഞ്ചുറി നേടിയ അർജുൻ ആസാദിന്റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു.
അർജിത് സിംഗ് അർധ സെഞ്ചുറി നേടി. 98 പന്തിൽ 52 റൺസായിരുന്നു അർജിത്തിന്റെ സമ്പാദ്യം. ശിവം ഭാംബ്രി 41 റൺസും വിഷു 31 റൺസുമെടുത്തു.
കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റ് വീഴ്ത്തി. വിഷ്ണു വിനോദ് രണ്ട് വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ കേരളം 139 റൺസിന് ഓൾഔട്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 30 വരെ രേഖകൾ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് സമയപരിധി നീട്ടി നൽകിയത്.
22-ാം തീയതി വരെയായിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. തുടർന്ന് കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കണം. ഇതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ കേരളത്തിലെ എസ്ഐആറിനുശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
District News
കണ്ണൂർ: രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത ഉപയോഗിക്കുകയാണെന്നും സംഘപരിവാർ പോലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ബംഗാളിലെ സിപിഎമ്മിന്റെ മൂന്നര പതിറ്റാണ്ടിലെ ഉയർച്ച-താഴ്ചകൾ പറയുന്ന ഇംഗ്ലീഷ് പുസ്തകമായ "ഗാംഗ്സ്റ്റർ സ്റ്റേറ്റി'ന്റെ മലയാള പരിഭാഷയുടെ പ്രകാശനം കണ്ണൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തിലെ ബംഗാളിലെ കൊലപാതക വിവരണങ്ങൾ കണ്ണൂരുകാർക്ക് പുതുമയല്ല.യഥാർഥ കമ്യൂണിസ്റ്റ് ആശയങ്ങളെ മറന്ന പാർട്ടിയുടെ അവസ്ഥയാണ് സുഭാഷ് ഭൗമിക്കിന്റെ പുസ്തകം വിവരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് സഹയാത്രികരും ഭൗമിക്കിനെ പോലെ പാർട്ടിക്കെതിരെ പുസ്തകം എഴുതുന്ന കാലം വിദൂരമല്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയേണ്ട വാചകങ്ങളല്ല പിണറായി വിജയൻ പറയുന്നത്. മാറാട് പരാമർശത്തിൽ എ.കെ. ബാലനെ മുഖ്യമന്ത്രി പിന്തുണച്ചത് കമ്മ്യൂണിസ്റ്റ് നിലപാടല്ലെന്നും വേണുഗോപാൽ പറഞ്ഞു.
പുസ്തകം സ്വീകരണം നിർവഹിച്ച കഥാകൃത്ത് ടി. പദ്മനാഭൻ സിപിഎമ്മിനെ പരിഹസിച്ചാണ് സംസാരിച്ചത്. ജ്യോതി ബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും കാലത്ത് ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ നോക്കിയാലും ചുവപ്പുകൊടി മാത്രമേ കണ്ടിരുന്നുള്ളു. എന്നാല്‍ പീന്നീട് പോയപ്പോള്‍ ഒരു ദിക്കിലും ചെങ്കൊടി അടയാളങ്ങളില്ല, മുദ്രാവാക്യങ്ങളുടെ ചുവരെഴുത്തികളില്ല, മുഴുവന്‍ മമതാ ബാനര്‍ജി മാത്രമായിരുന്നു. എല്ലാത്തിനും കാലഹരണമുണ്ട്.
ബംഗാളില്‍ സിപിഎം കാലഹരണപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പാര്‍ട്ടി ഓര്‍ക്കേണ്ട കാര്യമാണ്. ബംഗാള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടും. ഇന്ന് കേരളത്തിലെ ഹോട്ടലുകളില്‍ മുഴുവന്‍ ബംഗാളികളാണ് തൊഴിലെടുക്കുന്നത്. ഇതിനെക്കാള്‍ വലിയൊരു് വീഴ്ച ഈ പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും ടി. പദ്മനാഭന് ചോദിച്ചു. മമതാ ബാനര്‍ജിക്ക് പേരില്‍ മാത്രമേ മതയുള്ളു. ആരോടും മമതയില്ലാത്ത മഹിളയാണ് മമതയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ. സുധാകരൻ എംപി അധ്യക്ഷത വഹിച്ചു.ബിനാലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് പ്രസിഡന്റ് അഡ്വ. പഴകുളം മധു, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ , കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഗ്രന്ഥകാരൻ സൗർജ്യ ഭൗമിക്, സാമൂഹ്യ പ്രവർത്തകനായ കെ.സി. ഉമേഷ് ബാബു, എഴുത്തുകാരി സുധാ മേനോൻ, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി,പുസ്തക പരിഭാഷകൻ അജീർ കുട്ടി, ബിന്നി സാഹിതി തുടങ്ങിയവർ പ്രസംഗിച്ചു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് തോൽവി. നിർണായക മത്സരത്തിൽ തമിഴ്നാടിനെതിരെ 77 റൺസിന്റെ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. സ്കോർ: തമിഴ്നാട് 294/8, കേരളം 217 (40.2).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. 295 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 40.2 ഓവറിൽ 217 റൺസിന് എല്ലാവരും പുറത്തായി.
മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ മൂന്നിന് 170 റൺസ് എന്ന നിലയിലായിരുന്നു. ടോപ് ഓർഡറിൽ സഞ്ജുവിന്റെ അസാനിധ്യവും കേരളത്തിന് തിരിച്ചടിയായി. 73 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോറർ.
ബാബ അപരജിതും വിഷ്ണു വിനോദും 35 റൺസ് വീതം നേടി. തമിഴ്നാടിനായി സച്ചിൻ രതിയും എസ്. മുഹമ്മദ് അലിയും നാലു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണർ എന്‍. ജഗദീശന്റെ (139) സെഞ്ചുറി കരുത്തിലാണ് കൂറ്റൻ സ്കോറിലെത്തിയത്. എസ്.ആര്. ആതിഷ് (33) ആന്ദ്രെ സിദ്ധാർഥ് (27), ഭൂപതി വൈഷ്ണവ് കുമാര്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം ആറു വിക്കറ്റ് വീഴ്ത്തി. എ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മധ്യപ്രദേശും കർണാടകയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
Kerala
കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍പേഴ്സണ്‍മാരുടെയും തെരഞ്ഞെടുപ്പു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിനും ഏഴിനും ഇടയില്‍ നടത്തണം. തുടര്‍ന്ന് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാലും ജില്ലാ പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്തുകാര്യം, ആരോഗ്യ-വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ചും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, വിദ്യാഭ്യാസ-കലാകായികകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ ആറും കോര്‍പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്തുകാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ-കായികകാര്യം എന്നിങ്ങനെ എട്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളാണ് വേണ്ടത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ചെയര്മാന് തെരഞ്ഞെടുപ്പിന് അതത് സ്ഥാപനങ്ങളിലെ വരാണധികാരികള്ക്കാണ് ചുമതല. ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഡപ്യൂട്ടി കളക്ടര്‍(ജനറല്‍)/ എഡിഎം വരണാധികാരിയായിരിക്കും.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് യോഗം വിളിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ കാണിച്ച് വരണാധികാരികള്‍ എല്ലാ ഭരണസമിതിയംഗങ്ങള്‍ക്കും യോഗ തീയിതിക്കു അഞ്ച് ദിവസം മുമ്പും അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിന് എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും യോഗ തീയതിക്ക് രണ്ടു ദിവസം മുമ്പും നോട്ടീസ് നല്‍കണം.
തദ്ദേശ സ്ഥാപനങ്ങളിലെ വൈസ് പ്രസിഡന്റ്, ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതാണെങ്കില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് സ്ത്രീ സംവരണ സ്ഥാനത്തേക്ക് ഒരംഗത്തെക്കൂടി തെരഞ്ഞെടുക്കണം. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലും സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്ത്രീ സംവരണ സ്ഥാനങ്ങൾ നികത്തിയതിനുശേഷമാണ് മറ്റ് അംഗങ്ങളെ തെരഞ്ഞടുക്കേണ്ടത്.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ദയനീയ തോൽവി. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 167 റൺസിന് പുറത്തായി. ഇതോടെ മധ്യപ്രദേശിന് 47 റൺസിന്റെ വിജയം സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് വിക്കറ്റ് വീതം നേടിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യപ്രദേശിന് ജയമൊരുക്കിയത്. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (42) കേരളത്തിന്റെ ടോപ് സ്കോറര്‍.
അവസാന വിക്കറ്റില്‍ വിഘ്നേഷ് പുത്തൂരിനൊപ്പം ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഷറഫുദ്ദീന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 41-ാം ഓവറില്‍ ഷറഫുദ്ദീന് പുറത്തായി.
സൽമാൻ നിസാർ (30), രോഹൻ എസ്. കുന്നുമ്മൽ (19), അങ്കിത് ശർമ (14), മുഹമ്മദ് അസ്ഹറുദ്ദീൻ (15), വിഷ്ണു വിനോദ് (20), എൻ.എം. ഷറഫുദ്ദീൻ (42) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായിരുന്നു. തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.
അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരേ കേരളത്തിന് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു.
വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന് കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.
62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹന് കുന്നുമ്മല്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 64 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.
ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊച്ചി: മുൻ കേരള ഫുട്ബോൾ താരം പി. പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ ടീമിൽ അംഗമായിരുന്നു.
പ്രതിരോധനിരക്കാരനായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി ബൂട്ടുകെട്ടി. 1979 ക്യാപ്റ്റനുമായി. പിന്നീട് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി.
1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീടനേട്ടം. ഫൈനലിൽ കരുത്തരായ റെയിൽവേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു കേരളത്തിന്റെ ജയം.
Sports
കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബോളില്‍ കേരളം ഫൈനലില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ മേഘാലയയെ എതിരില്ലാതെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്.
പ്രാഥമിക റൗണ്ടില്‍ തെലുങ്കാന(5-0), തിപുര(3-0), ഡല്‍ഹി(2-0) ടീമുകളെ തോല്‍പ്പിച്ച കേരളം ഗുജറാത്തിനോട്(2-0)തോറ്റിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മിസോറാം കളിക്ക് എത്താത്തതിനാല്‍ കേരളത്തിന് വാക്ക് ഓവര്‍ ലഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെയാണ്(2-0) കേരളം കീഴടക്കിയത്. കല്‍പ്പറ്റ സ്വദേശി സെറ മേരി തോമസാണ് കേരള ടീം ക്യാപ്റ്റന്‍.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ അടിത്തറ വിപുലീകരിക്കാൻ നീക്കവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ ചേരാനാണ് ആലോചന.
മിഷൻ 2025 എന്ന പേരിൽ കോൺഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ കാര്യങ്ങൾ ഒരുപരിധിവരെ വിജയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവിധ വിഭാഗങ്ങളെ യുഡിഎഫിനോട് അടുപ്പിക്കുകയെന്ന ലക്ഷ്യം വലിയൊരളവിൽ നേടാനായെന്നും വിലയിരുത്തലുണ്ട്.
സർക്കാരിനെതിരേയുള്ള വികാരം യുഡിഎഫ് അനുകൂല വോട്ടായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ പിന്തുണ നിലനിർത്താനുള്ള തന്ത്രങ്ങളും പാർട്ടി ആലോചിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൃത്യം എട്ടിനു തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എണ്ണും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും.
തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക.
ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala. gov.in , https://trend. kerala.nic.in
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗിൽ മികച്ച പ്രതികരണം. ഉച്ചയ്ക്കു ഒന്നു വരെയുള്ള കണക്കു പ്രകാരം 50.05 % പോളിംഗ് രേഖപ്പെടുത്തി. തൃശൂർ (49.44 %), മലപ്പുറം (52.62 %), വയനാട് (50.46%), കാസർഗോഡ് (49.52%), പാലക്കാട് (51.46 %), കോഴിക്കോട് (51.13%), കണ്ണൂർ (49.23%) പോളിംഗ് രേഖപ്പെടുത്തി.
ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടർന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. എടത്തിരുത്തി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിംഗ് തടസപ്പെട്ടത്. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.
246 പേരാണ് വോട്ട് ചെയ്തത്. എന്നാൽ മെഷീനിൽ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു.
Sports
ലക്നോ: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ആസാം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 102 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ആസാം മറികടന്നു.
41 റൺസുമായി പുറത്താകാതെ നിന്ന പ്രദ്യുൻ സൈകിയയാണ് ആസാമിന് വിജയമൊരുക്കിയത്. രോഹിത് സെൻ 19 റൺസെടുത്തു. അതേസമയം, മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല. കേരളത്തിനു വേണ്ടി കെ.എം. ആസിഫ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ എൻ.എം. ഷറഫുദ്ദീൻ, അഖിൽ സ്കറിയ, പി.എ. അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിനു പുറത്തായിരുന്നു. 33 പന്തിൽ 23 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹനെ കൂടാതെ, കൃഷ്ണ പ്രസാദ് (14), മുഹമ്മദ് അസ്ഹറുദ്ദീൻ (11), എൻ.എം. ഷറഫുദ്ദീൻ (15) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
നായകൻ അഹമ്മദ് ഇമ്രാൻ (അഞ്ച്), സൽമാൻ നിസാർ (ഏഴ്), പി.എ. അബ്ദുൾ ബാസിത് (അഞ്ച്), അഖിൽ സ്കറിയ (മൂന്ന്), എം.ഡി. നിതീഷ് (ഒമ്പത്), കെ.എം. ആസിഫ് (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനാണ് കേരളത്തിനെ ഇന്ന് നയിച്ചത്.
ആസാമിനു വേണ്ടി സാദക് ഹുസൈൻ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഖ്താർ ഹുസൈൻ, അവിനവ് ചൗധരി, അബ്ദുൾ അജിജ് കുറൈശി എന്നിവർ രണ്ടുവിക്കറ്റ് വീതമെടുത്തു.
National
ന്യൂഡൽഹി: കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നു കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം.
2019 മുതൽ 2023 വരെ കേരളത്തിൽ കാണാതായ കുട്ടികളുടെ എണ്ണം 10,125 ആണെന്നും ഇവരിൽ 9518 കുട്ടികളെ മാത്രമാണു വീണ്ടെടുക്കാനോ കണ്ടെത്താനോ കഴിഞ്ഞിട്ടുള്ളതെന്നും കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂർ രാജ്യസഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായ 607 കുട്ടികൾ ഇപ്പോഴും കാണാമറയത്താണെന്നാണു കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തുനിന്ന് കാണാതായ കുട്ടികളുടെ വിശദാംശങ്ങൾ തേടി കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രം 2019 മുതൽ 2023 വരെ ലഭ്യമായ കണക്കുകൾ രാജ്യസഭയിൽ സമർപ്പിച്ചത്. കേന്ദ്രത്തിന്റെ കണക്കുകളനുസരിച്ച് അഞ്ചുവർഷത്തിനിടെ രാജ്യത്തു കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.
2018 മുതൽ 2023 വരെ രാജ്യത്തെ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും 6,14,432 കുട്ടികളെയാണു കാണാതായത്. എന്നാൽ ഇവരിൽ 3,81,044 പേരെ മാത്രമാണ് വീണ്ടെടുക്കുവാനോ കണ്ടെത്തുവാനോ കഴിഞ്ഞിട്ടുള്ളത്. 2,33,388 കുട്ടികളെ ഇക്കാലയളവിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രത്തിന്റെ മറുപടിയിൽ വ്യക്തമാകുന്നു. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായിരിക്കുന്നതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിൽ കേരളം മുന്നിലാണ്. 2019ൽ സംസ്ഥാനത്ത് 2335 കുട്ടികളെ കാണാതായപ്പോൾ ഇവരിൽ 2195 പേരെയും ആ വർഷം കണ്ടെത്താൻ കഴിഞ്ഞു. 2020, 2021, 2022, 2023 വർഷങ്ങളിലാകട്ടെ 1645, 1756, 1918, 2471 എന്നിങ്ങനെയാണു കാണാതായ കുട്ടികളുടെ എണ്ണം.
എന്നാൽ ഈ വർഷങ്ങളിൽ യഥാക്രമം 1517, 1638, 1799, 2369 എന്നിങ്ങനെ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രതിദിനം സംസ്ഥാനത്ത് ശരാശരി അഞ്ചു മുതൽ ആറുവരെ കുട്ടികളെ കാണാതാകുന്നുവെന്ന ഭയപ്പെടുത്തുന്ന വസ്തുത കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് സമീപവർഷങ്ങളിൽ കാണാതാകുന്ന കുട്ടികളുടെ കേസുകൾ വർധിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാണാതാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം മെച്ചപ്പെട്ടതിനാലാണ് കേസുകൾ വർധിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.
കുട്ടികളുടെ തിരോധാനം കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വനിത- ശിശുക്ഷേമ മന്ത്രാലയം സംയോജിത ഏകീകൃത മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്ക് ചൈൽഡ് പോർട്ടലും’ ‘ഖോയാ പായാ’ ആപ്ലിക്കേഷനും സംയോജിപ്പിച്ചാണ് ഏകീകൃത മിഷന് വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുള്ളത്.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പത്തനംതിട്ട പ്രസ്ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം.
ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും.
എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും തിരികെ കിട്ടിയിരുന്നില്ല.
അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി നീട്ടുകയായിരുന്നു.
National
ചെന്നൈ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 56 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
അതേസമയം, ലങ്കൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
അതേസമയം, ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
Sports
ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു.
കേരളത്തിനായി കെ.എം. ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമർദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30ന് രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്നാട് -ആന്ധ്രാ -പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നാലുജില്ലകളിൽ റെഡ് അലർട്ടും ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐആർ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. സ്കൂളുകളിലും കോളജുകളിലുമുള്ള വിദ്യാർഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ ഭാഗമാണ്.
പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായാണ് ഇത്തരം ക്ലബുകൾ. അതിനാൽ വിദ്യാർഥികൾക്കും എസ്ഐആർ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
അധ്യാപകരുടെ സമ്മതത്തോട പഠനത്തിന് തടസമുണ്ടാവാത്ത രീതിയിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിദ്യാർഥികളുടെ സേവനം ഏലത്തൂർ ഇആർഒ ആവശ്യപ്പെട്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു.
ഉടൻ താൻ നേരിട്ട് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. സ്വമേധയാ തയാറാവുന്ന വിദ്യാർഥികളുടെ സേവനം എസ്ഐആർ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താനാണ് ഇആർഒ ഉദേശിച്ചത്. മറ്റ് വാർത്തകൾ തെറ്റാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. വെള്ളിയാഴ്ച പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു.
സംസ്ഥാനത്താകെ 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. 19, 959 പത്രികളാണ് മലപ്പുറത്ത് ലഭിച്ചത്.
Sports
ഇൻഡോർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച. കേരളം ഉയർത്തിയ 404 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 78 റൺസെന്ന നിലയിലാണ്. രണ്ടുറൺസുമായി ഋഷഭ് ചൗഹാനും റണ്ണൊന്നുമെടുക്കാതെ സാരാൻഷ് ജെയ്നുമാണ് ക്രീസിൽ.
ഹർഷ് ഗവാലി (പൂജ്യം), യഷ് ദുബെ (19), ഹിമാൻഷു മന്ത്രി (26), ഹർപ്രീത് സിംഗ് ഭാട്യ (13), നായകൻ ശുഭം ശർമ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
29 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ശ്രീഹരി എസ്. നായരാണ് മധ്യപ്രദേശ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്.
Sports
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് 404 റൺസ് വിജയലക്ഷ്യം. നാലാംദിനം അഞ്ചിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കൂടി ബലത്തിലാണ് അവസാനദിനം കൂറ്റൻ വിജയലക്ഷ്യം കേരളം മുന്നോട്ടുവച്ചത്.
സച്ചിന് ബേബിയുടെയും (പുറത്താകാതെ 122), ബാബാ അപരാജിതിന്റെയും (105 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. അഹമ്മദ് ഇമ്രാൻ (24), അഭിജിത് പ്രവീൺ (11) എന്നിവരുടെ വിക്കറ്റുകളാണ് അവസാനദിനം കേരളത്തിനു നഷ്ടമായത്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281നെതിരെ മധ്യപ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.
Sports
ഇൻഡോർ: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ് കേരളം. ഒന്നാമിന്നിംഗ്സിലെ 89 റൺസിന്റെ ലീഡുകൂടി ചേർത്തപ്പോൾ നിലവിൽ 315 റൺസിന്റെ ലീഡായി.
സച്ചിൻ ബേബിയും(85) ബാബ അപരാജിത്തുമാണ്(89) ക്രീസിൽ. രണ്ടാമിന്നിംഗ്സിൽ സച്ചിൻ ബേബി, ബാബ അപരാജിത് എന്നിവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 82-3 എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുന്നത്.
നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281നെതിരെ മധ്യ പ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.നാല് വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്ന് വിക്കറ്റ് വീഴ്ത്തിയ എം.ഡി.നിധീഷ് എന്നിവരാണ് മധ്യപ്രദേശിനെ തകര്‍ത്തത്. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍.
Sports
ഇന്‍ഡോര്‍: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്‍ഡോറില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 പിന്തുടർന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192ന് പുറത്താകുകയായിരുന്നു. 67 റണ്‍സ് നേടിയ സാരാൻഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍.
ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആറിന് 155 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 37 റണ്‍സിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകളും നഷ്ടമായി. ആര്യന് പാണ്ഡെ (36), മുഹമ്മദ് അര്‍ഷദ് ഖാന് (0), കുമാര്‍ കാര്‍ത്തികേയ സിംഗ് (ഏഴ്), സാരാൻഷ് ജെയ്ൻ (67) എന്നിവരാണ് പുറത്തായത്. റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് സെന്‍ പുറത്താവാതെ നിന്നു.
കേരളത്തിനു വേണ്ടി 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യപ്രദേശിനെ തകര്‍ത്തത്. അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് 27 റൺസെന്ന നിലയിലാണ് കേരളം. അഭിഷേക് നായര്‍ (ആറ്), സച്ചിന് ബേബി (അഞ്ച്) എന്നിവരാണ് ക്രീസിൽ.
Sports
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളം പിടിമുറുക്കുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 നെതിരെ ബാറ്റ് ചെയ്യുന്ന മധ്യപ്രദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 155 എന്ന നിലയിലാണ്.
സരണ്‍ഷ് ജെയ്ന്‍ (41), ആര്യന് പാണ്ഡെ (33) എന്നിവരാണ് ക്രീസില്‍. 101 ന് ആറ് എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട മധ്യപ്രദേശിനെ ജെയ്ന്‍, പാണ്ഡെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം, എം.ഡി.നിതീഷ് എന്നിവർ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യപ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന് നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടോസ് നേടിയ മധ്യപ്രദേശ് കേരളത്തിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ കളിയില്‍ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക.
ആദ്യ ഇന്നിംഗ്സ് ലീഡിന്റെ മികവില്‍ കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പടെ കേരളത്തിന് ആകെ അഞ്ച് പോയിന്റാണുള്ളത്. മറുവശത്ത് നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.
ടീം മധ്യപ്രദേശ്: ഹർഷ് ഗവാലി, യഷ് ദുബെ, ഹിമാൻഷു മന്ത്രി, ശുഭം ശർമ്മ, ഹർപ്രീത് സിംഗ് ഭാട്ടിയ, ഋഷഭ് ചൗഹാൻ, സാരൻഷ് ജെയിൻ, ആര്യൻ പാണ്ഡെ, അർഷദ് ഖാൻ, കുമാർ കാർത്തികേയ, കുൽദീപ് സെൻ.
കേരളാ ടീം: അഭിഷേക് നായർ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, ബാബ അപരാജിത്ത്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ്മ, എം.ഡി.നിധീഷ്, ശ്രീഹരി എസ്. നായർ, ഏദൻ ആപ്പിൾ ടോം, വി.അഭിജിത്ത് പ്രവീൺ.
Kerala
കൊച്ചി: 1948 ലെ സെന്‍സസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെന്‍സസ് 2027 ന്റെ ഒന്നാം ഘട്ട പ്രീ ടെസ്റ്റ് 2025 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് കേരളത്തിലും നടപടികള്‍ ആരംഭിച്ചു. പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിള്‍ പ്രദേശങ്ങളിലാണ് നിലവില്‍ പ്രീടെസ്റ്റ് സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലെ കള്ളമല, ഷോളയൂര്‍ വില്ലേജുകളിലും, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജിലും, എറണാകുളം ജില്ലയിലെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒന്നു മുതല്‍ നാലുവരെയുള്ള വാര്‍ഡുകളിലുമാണ് പ്രീടെസ്റ്റ് നടത്തുന്നത്.
ഈ പ്രക്രിയയ്ക്കായി ജില്ലാ കളക്ടര്‍മാരെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല, അട്ടപ്പാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാരേയും കൊച്ചി കോര്പറേഷന് സെക്രട്ടറിയെയുമാണ് ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും. ജനസംഖ്യാ കണക്കെടുപ്പിനുമുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ശേഖരിക്കുക.
ഇതോടൊപ്പം, സെന്‍സസിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സിഎംഎംഎസ് വെബ് പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണം ഉറപ്പാക്കാന്‍, ഉപയോഗിക്കേണ്ട ഡിജിറ്റല്‍ ടൂളുകളിലെയും ഡിസൈന്‍ ചട്ടക്കൂടിലെയും പ്രധാന പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും പ്രീ ടെസ്റ്റ് നിര്‍ണായകമാണ്.
വിദൂരത, ദുര്‍ഘടമായ ഭൂപ്രദേശം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍, ചേരി പ്രദേശം മുതലായവ പരിഗണിച്ചാണ് പ്രീടെസ്റ്റ് സാമ്പിളുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ വസ്തുതാപരമായ വിവരങ്ങള്‍ നല്കി സഹകരിക്കുകയും പ്രീ ടെസ്റ്റ് വിജയകരമാക്കുകയും ചെയ്യേണ്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2025 നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴുവരെ സെല്‍ഫ് എന്യൂമറേഷനുള്ള അവസരം നല്‍കിയിരുന്നു. നവംബര്‍ 30 വരെ പ്രീടെസ്റ്റ് തുടരും.
National
തിരുവനന്തപുരം: ബിഹാറിൽ ഇന്ത്യാ സഖ്യത്തെ നിലംപരിശാക്കി എൻഡിഎ നടത്തിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളും ബാക്കി നില്‍ക്കെ കേരളത്തിലെ രാഷ്ട്രീയ മേഖലയിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ബിഹാറിൽ കണക്കുകൂട്ടലുകൾക്കുമപ്പുറം എൻഡിഎ വൻ വിജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തത് കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നല്കുന്ന ഊർജം ചെറുതല്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഹാർ എടുത്തുകാട്ടിയാകും ബിജെപി പ്രചാരണങ്ങൾ.
എൻഡിഎക്കെതിരേ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോഴും അത് വോട്ടാക്കാൻ അവർക്ക് സാധിച്ചില്ല. വികസനങ്ങളും ജനങ്ങളിലേക്കിറങ്ങിയുള്ള പദ്ധതികളും കൊണ്ടാണ് നിതീഷ് കുമാർ ആ പ്രചരണത്തെ മറികടന്നത്.
ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയത് കേരളത്തിലെ പാർട്ടി നേതൃത്വം പാഠമാക്കേണ്ടതാണ്. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ, താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് ബിഹാർ പഠിപ്പിക്കുന്നത്.
അതേസമയം, ബിഹാറിൽ ഇത്തവണ ഒരു സീറ്റുമായി തിരിച്ചടി നേരിട്ട സിപിഎം കേരളത്തിലും സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണ്. തുടർഭരണങ്ങൾ ഭരണവിരുദ്ധ വികാരത്തിനു വഴിവയ്ക്കുമെന്ന ധാരണകൾ പൊളിച്ചെഴുതിയ നിതീഷിൽ നിന്ന് കേരളത്തിലെ സിപിഎമ്മിന് ഏറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
Kerala
കൊച്ചി: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കര്‍ശന പരിശോധന തുടരുന്നു. പോലീസ്, റെയില്‍വേ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സൗത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍, യാത്രക്കാരുടെ ലഗേജുകള്‍, സംശയകരമായ പാഴ്സലുകള്‍ എന്നിവ പരിശോധിച്ചു. പോലീസ് സംഘവും കൊച്ചി നഗരത്തിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും തുടരുന്നു.
അതേസമയം, ഗുരുവായൂരിലും പോലീസ് സുരക്ഷ ശക്തമാക്കി. ഏകാദശിവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പരിശോധന നടത്തുന്നത്.
ക്ഷേത്രപരിസരത്തെ വ്യാപാരസ്ഥാപനങ്ങളും ഒറ്റപ്പെട്ടുകാണുന്ന ഭക്തരുടെ ബാഗുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ക്ഷേത്രവും പരിസരവും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് പരിശോധന നടത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ കാലത്തും തദ്ദേശ സ്ഥാപനങ്ങളിൽ ആധിപത്യം ഇടതുമുന്നണിക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം സർക്കാരിന്റെ വിലയിരുത്തൽ അല്ല.
ഇതിന്റെ പാറ്റേൺ വേറെയാണെന്നും മൂന്നാം ടേമിലേക്കുള്ള യാത്രയാകും ഇത്. കഴിഞ്ഞ തവണയും ആ യാത്ര തുടങ്ങിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്.
ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. പെൻഷനേ വേണ്ട എന്നതാണ് കോൺഗ്രസിന്റെ അഭിപ്രായം.
അത് കേരളം ചർച്ച ചെയ്യട്ടേ. പെൻഷൻ കൂട്ടിയത് കൈകൂലി എന്നാണ് കെ.സി.വേണുഗോപാൽ പറഞ്ഞത്. അതേ അഭിപ്രായമാണോ മറ്റുള്ളവർക്കെന്നും പറയട്ടെ. കേരളത്തിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് 330 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്തു നില്‍ക്കെ സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്ര എട്ടോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. അർധസെഞ്ചുറി പിന്നിട്ട പ്രേരക് മങ്കാദിനെ (52) എം.ഡി. നിധീഷ് ബൗള്‍ഡാക്കിയതോടെ ആറിന് 366 റൺസെന്ന നിലയിലായി.
പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍.പി. ബേസില്‍ പുറത്താക്കി. സ്കോർ 378 റൺസിൽ നില്‍ക്കെ അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം.ഡി. നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന് ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. കേരളത്തിനായി എം.ഡി. നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍.പി. ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്. നാലു റൺസ് വീതമായി സച്ചിന് ബേബിയും വരുൺ നായനാരുമാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത രോഹന് കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. അതേസമയം അഞ്ച് റണ്‍സെടുത്ത ഓപ്പണർ ആകര്‍ഷ് പരിക്കേറ്റ് മടങ്ങി.
Kerala
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍പിഎഫ്, സായുധ പോലീസ് ഉള്‍പ്പെടെ പരിശോധന സംഘത്തിലുണ്ട്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലാണ് സന്ദർശകർ. ഇതോടെ, സൗരാഷ്ട്രയ്ക്ക് നിലവിൽ 160 റൺസിന്റെ ലീഡുണ്ട്.
67 റൺസുമായി അർപ്പിത് വാസവദയും 103 റൺസുമായി ചിരാഗ് ജാനിയുമാണ് ക്രീസിൽ. ഹർഷ് ദേശായ് (അഞ്ച്), ഗജ്ജാർ സമ്മാർ (31), ജെയ് ഗോഹിൽ (24) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്ക് നഷ്ടമായത്.
മംഗലപുരം, കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160നെതിരെ കേരളം 233 റണ്‍സ് നേടിയിരുന്നു.
നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് ജെയ് ഗോഹിലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എം.ഡി. നിധീഷിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ എൻ.പി. ബേസിലിന് വിക്കറ്റ് നല്കി ഗജ്ജാര്‍ സമ്മാറും മടങ്ങിയതോടെ സൗരാഷ്ട്ര മൂന്നിന് 69 റൺസെന്ന നിലയിലെത്തി.
പിന്നീട് ക്രീസിൽ ഒന്നിച്ച അർപ്പിത് വാസവദയും ചിരാഗ് ജാനിയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് നിലവിൽ 159 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് രണ്ടും എൻ.പി. ബേസിൽ ഒരു വിക്കറ്റും വീഴ്ത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. വോട്ടർമാർക്കും സ്ഥാനാർഥികൾക്കുമായുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹാജരാക്കാനാകുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടികയും കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് ആറുമാസത്തിനമു മുമ്പ് നല്കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും.
തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 12,035 സംവരണ വാർഡുകളുണ്ട്. 33,746 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. 2,841 പേർ പ്രവാസി വോട്ടർമാരാണ്.
1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50,691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. 1,249 റിട്ടേണിംഗ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക.
സുരക്ഷയ്ക്കായി 70,000 പോലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 87 നഗരസഭകളിൽ 44 എണ്ണം ഭരിക്കുന്നത് എൽഡിഎഫാണ്.
യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ ഏഴ് പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 233ൽ അവസാനിച്ചു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ഗജ്ജര്‍ സാമ്മര്‍ (20) ജയ് ഗോഹില്‍ (22) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്ര 160 റൺസിന് പുറത്തായിരുന്നു.
രണ്ട് വിക്കറ്റിന് 82 റണ്‍സെന്ന നിലയിലാണ് ഒന്നാം ഇന്നിംഗ്സിൽ കേരളം ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ അഹമ്മദ് ഇമ്രാന്റെ (10) വിക്കറ്റ് നഷ്ടമായി. സ്കോര്‍ 128ല്‍ നില്‍ക്കെ രോഹന് കുന്നുമ്മലും മടങ്ങി. 80 റണ്‍സെടുത്ത രോഹനാണ് ടോപ് സ്കോറർ.
ബാബ അപരാജിത് (69), അങ്കിത് ശര്‍മ്മ (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെന്‍ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സിൽ നേടിയ 160 റണ്‍സിന് മറുപടി പറയുന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്.
58 പന്തില്‍ 59 റണ്‍സുമായി രോഹന് കുന്നുമ്മലും രണ്ട് റണ്‍സോടെ അഹമ്മദ് ഇമ്രാനുമാണ് ക്രീസില്‍. 18 റണ്‍സെടുത്ത എ.കെ.ആകര്‍ഷിന്റെയും ഒരു റണ്ണെടുത്ത സച്ചിന് ബേബിയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
എട്ട് വിക്കറ്റ് കൈയിലിരിക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 78 റണ്‍സ് കൂടി വേണം. കേരളത്തിനായി എം.ഡി.നീധീഷ് ആറും ബാബാ അപരാജിത് മൂന്നു വിക്കറ്റും വീഴ്ത്തി.
84 റണ്‍സെടുത്ത ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. മൂന്ന് കളികളിയിൽ നിന്ന് രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോല്‍വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒന്നാം ഇന്നിംഗ്സിൽ സൗരാഷ്ട്രയെ 160 റണ്‍സിന് എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷിന്റെ തകർപ്പൻ പ്രകടനമാണ് സൗരാഷ്ട്രയെ തകർത്തത്. 13 ഓവറിൽ 20 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് നിധീഷ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 55.2 ഓവറിൽ 160ന് ഓൾഔട്ടായി. ജയ് ഗോഹിലിനു മാത്രമാണ് സൗരാഷ്ട്ര നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 123 പന്തുകൾ നേരിട്ട ജയ് ഗോഹിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്താണ് മടങ്ങിയത്.
ഗജ്ജർ സമ്മർ 56 പന്തിൽ 23 റണ്‍സെടുത്തു. ക്യാപ്റ്റൻ ജെ. ഉനദ്ഘട്ട് 16 റണ്‍സും പ്രേരക് മങ്കാട് 13ഉം ഡി.ജെ. ജഡേജ 11 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
കേളത്തിനായി നിധീഷ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാബാ അപരാജിത് മൂന്ന് വിക്കറ്റുകൾ പിഴുതു. ഏദൻ ആപ്പിൽ ടോം ഒരു വിക്കറ്റും നേടി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷാണ് കേരത്തിനായി മൂന്ന് വിക്കറ്റുകളും പിഴുതത്. എച്ച് ദേശായി (0) ചിരാഗ് ജാനി (5), എ.വി. വാസവദ (0) എന്നിവരുടെ വിക്കറ്റുകളാണ് സൗരാഷ്ട്രയ്ക്കു നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയ്ക്കായി ജയ് ഗോഹിൽ അർധ സെഞ്ചുറി നേടി. ജയ് ഗോഹിൽ 71 പന്തിൽ 55 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. ഒൻപത് റണ്‍സുമായി പ്രേരക് മങ്കാടാണ് ജയ് ഗോഹിലിനൊപ്പം ക്രീസിൽ.
നിലവിൽ 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 70 റണ്‍സ് എന്ന നിലയിലാണ് സൗരാഷ്ട്ര.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീംകോടതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാരെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ആശങ്കകളോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെ തടഞ്ഞുവച്ചിരുന്ന എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്. 17 കോടി കൂടി കിട്ടാനുണ്ട്. അത് ഈ ആഴ്ച ലഭിച്ചേക്കും. പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. നമുക്ക് കാര്യം നടന്നാൽ മതി. നിയമോപദേശം കിട്ടിയാൽ ഉടൻ കേന്ദ്രത്തിന് കത്തയയ്ക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ഉത്തരവ് ഇറക്കി. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല. ചില പത്രങ്ങൾക്ക് വലിയ വിഷമമാണ്. പ്രശ്നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് നിലവിൽ നേട്ടമായിരിക്കുകയാണ്. കേരളം സമര്‍പ്പിച്ച 92.41 കോടി രൂപയിൽ 109 കോടി രൂപയിലാണ് ഈ തുക അനുവദിച്ചത്. നോണ്‍ റക്കറിംഗ് ഇനത്തില്‍ 17 കോടിയാണ് ഇനി കിട്ടാനുള്ളത്.
കരാറിൽനിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. നിലവില്‍ കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതിലെ കാര്യത്തില്‍ സംശയങ്ങൾ നിലനില്‍ക്കുന്നുണ്ട്. ഫണ്ട് കിട്ടിയതോടെ സിപിഐക്കും വിഷയത്തില്‍ കടുത്ത എതിർപ്പ പ്രകടിപ്പിക്കാനാകില്ല. കത്ത് അയക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. എന്നാല്‍ ഇതുവരെ കത്ത് അയക്കാതെ കേരളം വൈകിപ്പിക്കുകയായിരുന്നു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ പിഎം ശ്രീയില്‍നിന്നു കേരളം ഔദ്യോഗികമായി പിന്മാറി എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ കത്തയയ്ക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
Kerala
ന്യൂഡൽഹി: സർവ ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരളത്തിന് ലഭിക്കാനുള്ള തുകയുടെ ആദ്യഗഡു കേന്ദ്രം കൈമാറി. 92.41 കോടി രൂപയാണ് കൈമാറിയത്. സംസ്ഥാനം സമർപ്പിച്ച 109 കോടിരൂപയിൽ നിന്നാണ് ഈ തുക അനുവദിച്ചത്.
നോൺ റക്കറിംഗ് ഇനത്തിൽ ഇനി 17 കോടി രൂപയാണ് ലഭിക്കാനുള്ളത്. രണ്ടും മൂന്നും ഗഡു ഉടൻ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. അതിനാലാണ് പണം ലഭിച്ചതെന്നും സൂചനയുണ്ട്.
മാധ്യമങ്ങളിൽ വന്ന വാർത്തയല്ലാതെ പിഎം ശ്രീയിൽനിന്നും കേരളം ഔദ്യോഗികമായി പിന്മാറിയെന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.
വിദ്യാഭ്യാസ സെക്രട്ടറി ഉടൻ കത്തയയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
തുക ഉടൻ കൈമാറുമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. കേരളത്തിലെ റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. അർഹമായ തുക പോലും സംസ്ഥാനത്തിന് നൽകുന്നില്ലെന്നും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന് സ്ഥിരപ്പെടുത്താനുള്ള തുക കണ്ടെത്തണമെന്നും കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു.